അച്ഛൻ (കഥ) : അഞ്ജലി രാധാകൃഷ്ണൻ, മസ്കറ്റ്.

വരച്ചത് : കൃതിക

424

അവൾ കണ്ണു തുറന്നു . ഇരുട്ടാണു ചുറ്റും. ഒന്നും കാണാൻ കഴിയുന്നില്ല . പതിയെ എണീക്കാൻ ശ്രമിച്ചു ..
കാലുകൾ വേച്ച് പോകുന്നു . തനിക്കെന്താണ് പറ്റിയത് , അവൾ ഓർക്കാൻ ശ്രമിച്ചു .
വയറ്റിൽ വലിയൊരു ഭാരമുണ്ടായിരുന്നു .
എല്ലുകൾ നുറുങ്ങുന്ന വേദനയുടെ ഒടുവിൽ ഭാരം ഒഴിയുന്നതുപോലെ തോന്നി .
ശരീരം തളർന്നോ ,ബോധം മറഞ്ഞോ .
ആരൊക്കെയോ എന്തൊക്കെയോ പറയുന്നു ,അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു . അതോടെ കാഴ്ചയും മങ്ങി.
അത്രയേ ഓർമ കിട്ടുന്നുള്ളു .
അവൾ കണ്ണുകൾ തിരുമ്മി .ദൂരെ ഒരുഅരണ്ട വെളിച്ചം . ആരോ നടന്നു പോകുന്നുണ്ട് . അയാളല്ലേ അത് . നില്ക്കു , ഞാനിവിടെയുണ്ട് . അവൾ ഉറക്കെ പറഞ്ഞു . അയാളൊന്നു തിരിഞ്ഞു നോക്കി . വീണ്ടും മുൻപോട്ടു നടന്നു .
വീണ്ടും അവൾ ഉറക്കെ വിളിച്ചു , “ഒന്ന് നില്കണേ” . ഇല്ല ,വാക്കുകൾ വരണ്ടുണങ്ങിയ തൊണ്ടയിൽ കുടുങ്ങിയപോലെ, ശബ്ദം പുറത്തേക്കു വരുന്നില്ല . ഒരു കുഞ്ഞിന്റെ കരച്ചിലല്ലേ കേൾക്കുന്നത് .
അത് അടുത്തു വരുന്നപോലെയുണ്ടല്ലോ . ആരൊക്കെയോ സംസാരിക്കുന്ന ശബ്ദവും കേൾക്കാം . കുഞ്ഞിന്റെ കരച്ചിൽ ഇതാ തൊട്ടടുത്തു .”ആരാ അവിടെ ” , ?
അവൾ സർവശക്തിയുമെടുത്തു ഉച്ചത്തിൽ ചോദിച്ചു . “മോളേ “, ആരോ തട്ടിവിളിക്കുന്നു . അവൾ ഞെട്ടിയുണർന്നു . അമ്മയാണ്. ” എന്താ മോളെ, എന്തെങ്കിലും വയ്യായ ഉണ്ടോ” . ആധിപിടിച്ചുള്ള ചോദ്യം. അവരുടെ അടുത്തേക്കുവന്ന നേഴ്സ് കരുണയോടെ അവളെനോക്കികൊണ്ടു പറഞ്ഞു ” കൊച്ചു ഞങ്ങളെയൊന്നു പേടിപ്പിച്ചുകളഞ്ഞു ,
“. അതു പിന്നെ പെട്ടന്നല്ലിയോ പ്രഷർ കുറഞ്ഞത് , ‘അമ്മ നെടുവീർപ്പോടെ അവളുടെ നെറ്റിയിൽ കൈവച്ചു .വീണ്ടും കുഞ്ഞിന്റെ കരച്ചിൽ . അവൾ ചുറ്റും നോക്കി. പ്രായമായ ഒരു സ്ത്രീ അടുത്ത ബെഡ്‌ഡിൽ ഇരുന്നുകൊണ്ട് കുഞ്ഞിന്റെ കരച്ചിലടക്കാൻ ശ്രമിക്കുന്നു . അവൾ എഴുനേൽക്കാൻ ശ്രമിച്ചു . നഴ്സും അമ്മയും അവളെ തലയിണയിൽ ചാരിയിരിക്കാൻ സഹായിച്ചു .”തന്റെ കുഞ്ഞിനെ കാണണ്ടേ ” നേഴ്സ് ചോദിച്ചു .”അവൾ തലയാട്ടി . “നല്ല ഉറക്കമാ , കുഞ്ഞിന് തൂക്കകുറവുണ്ട് . കൊച്ചു നല്ലോണം ആഹാരം കഴിചിട്ടു അതിനു പാലു കൊടുത്താൽ മതി .ശരിയാകും. പെൺകുഞ്ഞാണ്‌ “,അവർ പറഞ്ഞു ..അത് കേട്ടയുടൻ അവളുടെ മുഖം വാടി. ഇപ്പോ കൊണ്ടുവരാം , നേഴ്സ് പുറത്തേക്കു പോയി .
ചെറിയ മഞ്ഞനിറം തോന്നിയതുകൊണ്ട് ലൈറ്റ് അടിക്കാൻ കൊണ്ടുപോയതാ . ‘അമ്മ അറിയിച്ചു . നേഴ്സ് വേഗം കുഞ്ഞിനെയുംകൊണ്ട് തിരികെ വന്നു . നല്ല ഉറക്കത്തിലാ. അവർ കുഞ്ഞിനെ അവളുടെ കൈകളിലേക്ക് കൊടുത്തു . കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയ അവൾക് കരച്ചിൽ വന്നു . കറുത്തിട്ടാണ്. അവൾ മുഖം തിരിച്ചു കളഞ്ഞു. വെളുത്തു തുടുത്ത ആൺകുഞ്ഞിനെയാണ് അവൾ പ്രതീക്ഷിച്ചിരുന്നത്. അതി സുന്ദരിയും വിദ്യാസമ്പന്നയുമായ ആദ്യഭാര്യ ഓമനത്തമുള്ള അവരുടെ ആണ്കുഞ്ഞിനെയുമെടുത്തു പിണങ്ങിപ്പോയ ദേഷ്യത്തിനാണ് അയാൾ അവ ളെ രണ്ടാം വിവാഹം ചെയ്‍തത് . സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിൽ നിന്നായതിന്റെ നീരസം നല്ലവണ്ണം പ്രകടിപ്പിക്കുന്നുണ്ട് അയാ ളുടെ ‘അമ്മ . അവരുടെ കൈയിലേക്ക് മിടുക്കനായ ഒരു ആൺകുഞ്ഞിനെ വച്ചു കൊടുത്താൽ അവരുടെ മുഖം കുറച്ചു തെളിയും എന്നാണ് അവൾ കരുതിയത് . ഇതു പക്ഷെ കറുത്ത് മെലിഞ്ഞ ഒരു പെൺകുഞ്ഞു . എനിക്കിതിനെ വേണ്ടാ , അവൾ അവൾ ഉറക്കെ പറഞ്ഞു. എന്താ നീ പറഞ്ഞത് , നേഴ്സ് ഞെട്ടി തിരിഞ്ഞു നോക്കി . എനിക്കിതിനെ വേണ്ടാ അവൾ വീണ്ടും പറഞ്ഞു .

അയ്യോ ,അവളുടെ ‘അമ്മ നിലവിളിച്ചു . എന്താ മോളെ നീയിപ്പറയുന്നത് ‘. ഇതിനെയുംകൊണ്ട് അങ്ങോട്ടു ചെന്നാൽ അവിടെയുള്ളവർക് എന്നോടുള്ള ദേഷ്യം കൂടും . അവൾ കരഞ്ഞു . എവിടെയെങ്കിലും കൊണ്ടുപോയി കളഞ്ഞേക്കൂ . എനിക്കു വേണ്ടാ . “അഹങ്കാരം “, നേഴ്സ് പിറുപിറുത്തു .തറയിൽ അമർത്തിച്ചവിട്ടി അവർ പുറത്തേക്കു നടന്നു. മകളുടെ മട്ടും ഭാവവും കണ്ടു ഒട്ടൊരു ഭയപ്പാടോടെ അവളുടെ കൈയിൽനിന്നും അമ്മ കുഞ്ഞിനെ എടുത്തു .ഒന്നുമറിയാതെ അതു ഉറക്കം തുടർന്നു . “അയാളുടെ അമ്മ മുന്നാഴി അരി അളന്നു കൊടുക്കും.അതുകൊണ്ട് വീട്ടിലുള്ളവർക്കും പിന്നെ ഊണ് കാലമാകുമ്പോൾ കടന്നു വരുന്ന അമ്മായിയമ്മയുടെ സഹോദരങ്ങൾക്കും അവരുടെ മക്കൾക്കും വിളമ്പണം . പിന്നെങ്ങനെ ആരോഗ്യമുണ്ടാകാനാ ” കുഞ്ഞിനെ നോക്കി നെടുവീർപ്പിട്ടുകൊണ്ട് അവർ ആരോടെന്നില്ലാതെ പറഞ്ഞു .,

അപ്പോഴാണ് അയാൾ അവിടേക്കു കടന്നുവന്നത് ..ജോലി സംബന്ധമായി മൈസൂരിൽ ആയിരുന്നു അയാൾ . വിവരമറിഞ്ഞു രാത്രി വണ്ടിക്കുപുറപ്പെട്ടു വന്നതാണ് ..റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്തതിന്റെ ക്ഷീണം കാണാനുണ്ട് .മുടിയാകെ പാറിപ്പറന്നിരിക്കുന്നു. അവളുടെ നെഞ്ചിടിപ്പ് ഉയർന്നു . അയാളുടെ മുഖത്ത് നോക്കാൻ ധൈര്യമില്ലാതെ അവൾ തലയിണയിലേക്കു മുഖം അമർത്തി . അയാൾ മെല്ലെ അവരുടെ അടുത്തേക് നടന്നു . മുഖത്തേക്കുവീണ മുടിയിഴകൾ മാടിയൊതുക്കി അയാൾ അവളുടെ അമ്മയുടെ നേരെ കൈ നീട്ടി . അയാളുടെ കണ്ണുകളിലെ തിളക്കം എന്തുകൊണ്ടോ അവരേ ഭയപ്പെടുത്തി .വിറയ്ക്കുന്ന കൈകളോടെ കുഞ്ഞിനെ അയാളുടെ കൈകളിലേക്ക് അവർ വച്ചുകൊടുത്തു. അയാൾ കുഞ്ഞിന്റെ മുഖത്തേക്കു നോക്കി. അയാളുടെ കണ്ണുകൾ നിറയുന്നത് അവർ കണ്ടു . നെറുകയിൽ ചുംബിച്ചുകൊണ്ട് അയാൾ കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പിടിച്ചു . എന്റെ ഉണ്ണിക്കൃഷ്ണാ ,അവളുടെ ‘അമ്മ ആശ്വാസത്തോടെ മന്ത്രിച്ചു . അയാൾ അവളുടെ അടുത്തേക് നീങ്ങി ..അവളുടെ തോളിൽ കൈ വച്ചു . അവൾ പിടഞ്ഞു എണിറ്റു .

നിറഞ്ഞൊഴുകുന്ന കണ്ണുകളുയർത്തി അയാളെ നോക്കാൻ അവൾ ബദ്ധപ്പെട്ടു .അയാൾ അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു . കുഞ്ഞിനെ അവളുടെ കൈകളിലേക്ക് കൊടുത്തു . അവൾ അവിശ്വസനീയതയോടെ അയാളെ നോക്കി. അവളുടെ കണ്ണുകൾ വിടർന്നു . അയാളുടെ കണ്ണിലെ പ്രകാശം തന്റെ ഉള്ളി ലേക്ക് പടരുന്നതുപോലെ അവൾക്കനുഭവപ്പെട്ടു . സമാധാനത്തിന്റെ ചെറു ചിരി അവളുടെ മുഖത്ത് വിരിഞ്ഞു .ആ രംഗം കണ്ടു കൊണ്ട് വന്ന നേഴ്സ് ഉറക്കെ പറഞ്ഞു “ഇനിയെങ്കിലും അതിനു പാല് കൊടുക്ക് “. അവൾ അവരേ നോക്കി ചിരിചുകൊണ്ട് തലയാട്ടി .