അംബാസഡറെ പുറത്താക്കിയതിന് പിന്നാലെ കാനഡയിലേക്കുള്ള വിമാന സര്‍വ്വീസും സൗദി നിര്‍ത്തിവെച്ചു; പോര് കനക്കുന്നു

190

റിയാദ്: നയതന്ത്ര പ്രതിസന്ധിക്കിടെ ടൊറന്റോയിലേക്കുള്ള വിമാനസര്‍വ്വീസ് സൗദി അറേബ്യ നിര്‍ത്തിവെച്ചു. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സൗദിയുടെ പുതിയ നടപടി.

സമര്‍ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടത്. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും ചെയ്തിരുന്നു.
നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയ സൗദി നടപടിയില്‍ ആശങ്കയുണ്ടെന്നും എന്നാല്‍ ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുമെന്നും സൗദി നടപടിയോട് കാനഡയുടെ വിദേശകാര്യ മന്ത്രി ക്രിസറ്റിയ ഫ്രീലാന്‍ഡ് പ്രതികരിച്ചിരുന്നു.

വുമണ്‍ ആക്ടിവിസ്റ്റുകളടക്കം മെയ് 15 മുതല്‍ 15 പേരെ സൗദി അന്യായമായി തടങ്കലില്‍വെച്ചതായി ചൊവ്വാഴ്ച യു.എന്‍ പറഞ്ഞിരുന്നു. എട്ടുപേരെ വിട്ടയക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മറ്റുള്ളവര്‍ എവിടെയാണന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല