‘അംബാനി പറഞ്ഞാല്‍ മോദി അമ്പിളി മാമനേയും വീട്ടിലെത്തിച്ചു കൊടുക്കും’ – തോമസ് ഐസക്

220

ജെ എന്‍ യു ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒഴിവാക്കുകയും, ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ധനമന്ത്രി തോമസ് ഐസക്.
“ഭൂമിയില്‍ ഇനിയും അവതരിച്ചിട്ടില്ലാത്ത വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാന്‍ തീരുമാനിച്ച നരേന്ദ്രമോദിയോട് ഉപമിക്കാന്‍ ചരിത്രത്തില്‍ ഒരു ഭരണാധികാരിയേ ഉള്ളൂ. സ്വപ്നത്തില്‍ തന്നെ വേട്ടയാടാനെത്തുന്ന സിംഹത്തില്‍ നിന്നു രക്ഷപെടാന്‍ മൃഗശാലയിലേയ്ക്കു പാഞ്ഞെത്തി കൂട്ടില്‍ കിടന്ന സിംഹങ്ങളെ വെടിവെച്ചു കൊന്ന ഈജിപ്തിലെ ഫാറൂക്ക് രാജാവ്‌.”- ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
രാജ്യത്തെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി നല്‍കിയത്. ഇതില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്ഥാപനങ്ങളും മൂന്നെണ്ണം സ്വകാര്യ സ്ഥാപനങ്ങളുമാണ്. ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി)ബെംഗളൂരു, ബിറ്റ്‌സ്‌ പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍, നവി മുംബൈയില്‍ ഇനിയും തുടങ്ങിയിട്ടില്ലാത്ത റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനുമാണ് മാനവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴി വെയ്ക്കുകയും ചെയ്തിട്ടുണ്ട്.