അംബാനിയുടെ മകന്റെ വിവാഹനിശ്ചയത്തിന് അതിഥികളെ വരവേൽക്കാൻ 25 കോടിയുടെ പുഷ്പവൃഷ്ടി

321

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആകാശിന്റെ വിവാഹ നിശ്ചയത്തിന് അതിഥികളെ വരവേറ്റത് 25 കോടിയുടെ പുഷ്പവൃഷ്ടി നടത്തി. ജൂണ്‍ 28ന് അന്റീലിയയില്‍ നടന്ന വിവാഹ നിശ്ചയത്തിന് കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പുഷ്പാലങ്കൃത വിദഗ്ദ കരേന്‍ ട്രാനാണ് ഈ സുഗന്ധ സൗധം അതിഥികള്‍ക്കായി ഒരുക്കിയത്. ഇതിന് മുമ്ബ് ഹോളിവുഡ് താരം കിം കര്‍ദാഷിയാനടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ കരേന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഷാരൂഖ് ഖാന്‍, ഐശ്വര്യ റായി, അഭിഷേക് ബച്ചന്‍, കാജള്‍, ആലിയ ഭട്ട്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, കരണ്‍ ജോഹര്‍, ഗൗരി ഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയ നിരവധി താരങ്ങള്‍ എത്തിയിരുന്നു . ഡിസംബര്‍ അവസാനമാണ് ആകാശിന്റെയും ബാല്യകാല സുഹൃത്തായ ശ്ലോക മേഹ്ത്തയുടെയും വിവാഹം.

വിവാഹ നിശ്ചയത്തിന്‍രെ ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ട്രെന്‍ഡിംഗില്‍ മുന്‍പന്തിയിലാണ് നില്‍ക്കുന്നത്. അംബാനി കുടുംബത്തിലെ ഏതൊരു ചടങ്ങും എത്രത്തോളം ആഘോഷവും ആമോദവും നിറഞ്ഞതാണെന്നതിനെ കുറിച്ചുള്ള ഏകദേശ ധാരണ എല്ലാവരിലുമുണ്ട്. കേവലം പുഷ്പാലങ്കാരത്തില്‍ പോലും ആ ധാരണ തെറ്റിക്കാന്‍ മുകേഷും ഭാര്യ നിതയും തയ്യാറായിരുന്നില്ല.

ആരുടെയും മനംകവരുന്ന മലര്‍ മോഹനമാണ് 27 നിലകളുള്ള അന്റീലിയയില്‍ ഒരുക്കിയത്. പ്രവേശന കവാടം വെള്ളപൂക്കളാല്‍ അലങ്കൃതമായിരുന്നു. തുടര്‍ന്ന് ചെന്നെത്തുന്നത് അതിമനോഹരമായ ഹാളിലേക്കാണ്. ഹാളിന്റെ നടുത്തളത്തില്‍ അതിഥികളെ സ്വീകരിച്ചുകൊണ്ട് പുഞ്ചിരി തൂകി വെള്ള പിയാനോ കാണാന്‍ കഴിയും. ‘വിസ്മയം’ എന്നല്ലാതെ അതിനെ മറ്റൊരു വാക്കു കൊണ്ടും ഉപമിക്കാനാവില്ല. ഇതിനോടനുബന്ധമായി തന്നെ മിന്നിതിളങ്ങുന്ന സ്ഫടിക കണങ്ങള്‍ വേറെയും. കുറച്ചു കൂടി മുന്നോട്ടു നടന്നാല്‍ പുഞ്ചിരി തൂകി ക്ഷണിതാക്കളാകാന്‍ വെമ്ബല്‍ കൊള്ളുന്ന ഓറഞ്ച് നിറത്തിലുള്ള പൂക്കളെ കാണാം.